കല്‍പ്പറ്റ: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ തിങ്കാളാഴ്ച ഹര്‍ത്താലിന് ആഹ്വനം ചെയ്ത് യുഡിഎഫ്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമാക്കി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. സങ്കേതത്തോടു ചേർന്നുള്ള 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് എക്കോ സെൻസിറ്റീവ് സോണായി (ഇഎസ്ഇസഡ്) കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിക്കുന്നത്.
വയനാട് ജില്ലയിലെ തിരുനെല്ലി, ത്രിശിലേരി, പുൽപ്പള്ളി, ഇരുളം, കിടങ്ങനാട്, നൂൽപ്പുഴ എന്നി വില്ലേജുകൾ ഇഎസ്ഇസഡിന്റെ പരിധിയിൽ വരും. ഈ മേഖലയിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കരട് വിജ്ഞാപനത്തിൽ നടപടിയെടുത്തിട്ടില്ല. അതേസമയം, കരട് വിജ്ഞാപനം സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ 60 ദിവസത്തെ സമയം കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ വടക്കും തെക്കുമുള്ള ഭാഗത്തെ വന്യജീവി സങ്കേതത്തിന്റെ വിവിധ ദിശകളിലായി 3.4 കിലോമീറ്റർ വരെയുള്ള ദൂരപരിധിയിലാണ് പരിസ്ഥിതി ദുർബല പ്രദേശമായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ അതിർത്തി കണക്കാക്കുന്നതിനും സോണൽ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുമായി സംസ്ഥാന സർക്കാരുമായി കൂടിയാലോചനകൾ നടത്തുമെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ കളക്ടർ ചെയർമാനായി മോണിറ്ററിംഗ് സമിതി രൂപീകരിക്കുമെന്നും കരട് വിജ്ഞാപനത്തിൽ പറയുന്നു.
ഈ മേഖലയിൽ ഖനനം, പാറ പൊട്ടിക്കൽ, ക്രഷർ യൂണിറ്റുകൾ സ്ഥാപിക്കൽ, വ്യവസായ ശാലകൾ സ്ഥാപിക്കുകയും നിലവിലുള്ളവ വിപുലപ്പെടുത്തുകയും ചെയ്യുന്നത് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പൂർണ വിലക്കുണ്ടാകും. ജലവൈദ്യുതി നിലയങ്ങൾ, അണക്കെട്ട്, സോമില്ലുകൾ സ്ഥാപിക്കൽ എന്നിവയ്ക്കും വിലക്കുണ്ട്. ഹോട്ടലുകളും റിസോർട്ടുകളും അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളും ചെറിയ തോതിൽ മാലിന്യമുണ്ടാക്കുന്ന ചെറുകിട വ്യവസായങ്ങളും ഇഎസ് സോണുകൾക്ക് പുറത്ത് നിയന്ത്രണങ്ങൾക്കു വിധേയമായി അനുവദിക്കും.
വനവുമായി ചേർന്നുള്ള മേഖലയായതിനാൽ തടിയും വനത്തിലെ മറ്റ് ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടാകും. വലിയ തോതിലുള്ള പോൾട്രി ഫാം, മൾട്ടിപർപ്പസ് ബിൽഡിംഗുകൾ, സോണിനെ ബാധിക്കുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കും ടൂറിസം പദ്ധതികൾക്കും അനുവാദമുണ്ടാകില്ല.
അതേസമയം, പരിസ്ഥിതിയെ സഹായിക്കുന്ന തരത്തിലുള്ള കുടിൽ വ്യവസായങ്ങൾ, ഗ്രീൻ ടെകനോളജി, ആഗ്രോ ഫോറസ്റ്ററി പ്രവർത്തനങ്ങൾ, പാരന്പര്യേതര ഊർജം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുമെന്നും ഉത്തരവിൽ പറയുന്നു.