അനധികൃത ചെങ്കൽഖനനം നടക്കുന്നതായി കാണിച്ച് ജില്ലാകളക്ടർക്ക് പരാതി
ശ്രീകണ്ഠപുരം: കല്യാട്,തവളപ്പാറ, നീലിക്കുളം ഭാഗങ്ങളില്‍ അനധികൃത ചെങ്കല്‍ ഖനനം നടക്കുന്നതായി കാണിച്ച് ജില്ല കലക്ടര്‍ക്ക് പരാതി. കല്യാട് സ്വദേശി കെ.എം. ജയരാജാണ് പരാതി നല്‍കിയത്. പ്രദേശത്തെ അമ്പതോളം ചെങ്കല്‍ പണകള്‍ പ്രവര്‍ത്തിക്കുന്നത് ആവശ്യമായ രേഖകളില്ലാതെയാണെന്ന് പരാതിയില്‍ പറയുന്നു.
ശബ്ദവും പൊടിശല്യവും മൂലം സമീപത്തെ വീടുകളിലെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ചെങ്കല്‍ ഖനനം വ്യാപകമായതിനാല്‍ വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാണെന്നും അനധികൃത ഖനനത്തിന് ജിയോളജി വകുപ്പ് അധികൃതരുടെ ഒത്താശയുണ്ടെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അനധികൃത ഖനനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെങ്കല്‍ ലോറികള്‍ വ്യാപകമായി പിടിച്ചെടുക്കുകയും ചെയ്തിരുന്നുവെങ്കിലും ക്രമേണ അധികൃതരുടെ ഒത്താശയില്‍ തന്നെ ഖനനം പുനരാരംഭിക്കുകയുമാണുണ്ടായത്.
പരിസ്ഥിതിക്കടക്കം ഏറെ ദോഷമുണ്ടാക്കിയിട്ടും മേഖലയിലെ ചെങ്കല്‍ ഖനനം തടയാത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.