ദേശീയ പൊതുപണിമുടക്കു ദിവസം ജോലിക്കു ഹാജരാകാതിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളത്തോടെയുള്ള കാഷ്വല്‍ അവധിയടക്കം അനുവദിക്കുന്നതു നിയമവിരുദ്ധമെന്നു ഹൈക്കോടതി. കേന്ദ്ര നയത്തിനെതിരായ ദേശീയ പണിമുടക്ക് ദിവസമായ 2019 ജനുവരി എട്ടിനും ഒമ്പതിനും ജോലിക്കു ഹാജരാകാതിരുന്നവര്‍ക്ക് അവധി അനുവദിച്ചു ജനുവരി 31നു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് റദ്ദാക്കി.
സംസ്ഥാനത്ത് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളിസംഘടനകള്‍ ഉള്‍പ്പെടെ രണ്ടുദിവസം ജനജീവിതം സ്തംഭിപ്പിച്ചു നടത്തിയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്തു സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് മുന്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്ടര്‍ ജി. ബാലഗോപാലന് നല്കിയ ഹര്‍ജിയിലാണു കോടതി തീരുമാനം.
സര്‍ക്കാര്‍ ജീവനക്കാരുടെ അനധികൃത അവധിയുമായി ബന്ധപ്പെട്ടു നിലവിലുള്ള നിയമങ്ങളുടെയും മുന്‍ സര്‍ക്കാര്‍ ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ പണിമുടക്കുദിവസത്തെ ഹാജര്‍ രജിസ്റ്ററുകള്‍ സൂക്ഷ്മപരിശോധന നടത്തി സംസ്ഥാന ഭരണനിര്‍വഹണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വകുപ്പു മേധാവികളും നിയമപരമായ നടപടിയെടുക്കണമെന്നു കോടതി വ്യക്തമാക്കി.
രണ്ടു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നൽകാനും നിർദേശിച്ചു. തുടർന്നു ഹര്‍ജി വീണ്ടും പരിഗണിക്കും. ശമ്പളം തിരിച്ചുപിടിക്കല്‍ അടക്കമുള്ള നടപടിക്ക് ഉത്തരവ് കാരണമായേക്കും.
കേരള സര്‍വീസ് റൂള്‍സ് പ്രകാരം പണിമുടക്കില്‍ പങ്കെടുക്കാന്‍ അനധികൃതമായി ജോലിക്കു ഹാജരാകാതിരിക്കുന്നവര്ക്കു ഡയസ്നോണ്‍ ബാധകമാണ്. ഡയസ്നോണ്‍ ബാധകമായവര്‍ക്ക് അന്നേദിവസത്തെ ശമ്പളത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ അര്‍ഹതയില്ല. ആര്‍ജിത ലീവിന് ഈ കാലയളവ് പരിഗണിക്കുകയുമില്ല.
രാഷ്ട്രീയപ്രവര്‍ത്തനം നടത്താനും പണിമുടക്കില്‍ പങ്കെടുക്കാനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇതുസംബന്ധിച്ചു സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും ഉത്തരവുകളുണ്ട്.
പണിമുടക്ക് മൂലം ഗതാഗത സൗകര്യമില്ലാത്തതു കണക്കിലെടുത്ത് അര്‍ഹര്‍ക്കു മാത്രമാണ് അവധി ആനുകൂല്യം അനുവദിച്ചതെന്നു സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതിനാവശ്യമായ അന്വേഷണങ്ങള്‍ നടത്തിയതായി കാണുന്നില്ല. പണിമുടക്കുദിവസം അവധിയിലായ എല്ലാ ജീവനക്കാര്‍ക്കും ബാധകമാകുന്ന വിധം ഉത്തരവ് പുറപ്പെടുവിക്കുകയാണു ചെയ്തത്.
പണിമുടക്കില്‍ ഡയസ്നോണ്‍ പ്രഖ്യാപനം ഉണ്ടായതുമില്ല. സമരത്തിന് അനുകൂലമായി ഉത്തരവ് നല്കിയതു സര്‍ക്കാരിന്റെ നയപരമായ തീരുമാനമായാലും അതു ദുരുദ്ദേശ്യപരവും സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെങ്കില് ഇടപെടാനാകുമെന്നും കോടതി വ്യക്തമാക്കി.