ഇരിട്ടി: നഗരസഭാ പരിധിയിൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന തീരുമാനങ്ങളുമായി നഗരസഭാ സേഫ്റ്റി കമ്മിറ്റി. ചൊവ്വാഴ്ച ചേർന്ന യോഗമാണ് രോഗബാധ നിയന്ത്രിക്കാനായി കർശനമായ തീരുമാനങ്ങൾ കൈക്കൊണ്ടത്. നഗരസഭ സേഫ്റ്റി കമ്മിറ്റി തീരുമാനങ്ങള് ഇവയാണ്.
കൊവിഡ് മാനദണ്ഡങ്ങള് കര്ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള് ലംഘിക്കുന്നവര്ക്കെതിരെ പിഴ ചുമത്തുന്നതുള്പ്പെടെയുള്ള നടപടികള് പോലീസ് അധികാരികള് സ്വീകരിക്കുന്നതാണ്. വാര്ഡുതല ജാഗ്രതാ സമിതികള് പുതിയ ജനപ്രതിനിധികളെ കൂടി ഉള്പ്പെടുത്തി വിപുലീകരിക്കുന്നതിനും നിരീക്ഷണം പൂര്വ്വാധികം ശക്തിപ്പെടുത്താനും തീരുമാനമായി.
ഇരിട്ടി നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള് (ഹോട്ടലുകള് ഉള്പ്പെടെ) രാത്രി 9 മണി വരെ പ്രവര്ത്തിക്കുന്നതിന് അനുവദിക്കുന്നതാണ്. ഹോട്ടലുകള്ക്ക് 10 മണി വരെ ശുചീകരണ പ്രവര്ത്തനം നിര്വ്വഹിക്കാവുന്നതാണ്. നഗരസഭാ പരിധിയില് നടക്കുന്ന രാഷ്ട്രീയ പാര്ട്ടി പൊതു പരിപാടികളില് കോവിഡ് മാനദണ്ഡങ്ങള് കര്ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താന് രാഷ്ട്രീയ പാര്ട്ടികള്ക്ക് അറിയിപ്പ് നല്കാന് തീരുമാനിച്ചു. വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്, മതാചാര പ്രകാരം നടക്കുന്ന മറ്റു ചടങ്ങുകള് എന്നിവ ബന്ധപ്പെട്ടവര് യഥാസമയം നഗരസഭയില് റിപ്പോര്ട്ട് ചെയ്യണമെന്നും വാര്ഡുതല ജാഗ്രതാ സമിതികള് ഇക്കാര്യത്തില് ശ്രദ്ധ ചെലുത്തേണ്ടതാണന്നും യോഗം വിലയിരുത്തി.
നഗരസഭാ പരിധിയില് ഏറ്റവും കൂടുതല് കോവിഡ് കേസുകള് നിലവിലുള്ള 12, 15, 27 വാര്ഡുകള് കേന്ദ്രീകരിച്ചുകൊണ്ട് സേഫ്റ്റി കമ്മിറ്റിയുടെ നേതൃത്വത്തില് ഊര്ജിത പ്രതിരോധ പ്രവര്ത്തനങ്ങള് നടപ്പിലാക്കാന് തീരുമാനിച്ചു. മദ്രസ്സകളില് ചെറിയ ക്ലാസുകളില് കുട്ടികളെ മത പഠനാര്ത്ഥം പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില് ഒഴിവാക്കാന് പള്ളികമ്മിറ്റികള് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.