നീണ്ട കാത്തിരിപ്പിനുശേഷം കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനുള്ള തടസങ്ങൾ നീങ്ങുന്നു. 1,957 കോടിയുടെ പദ്ധതിക്കു കേന്ദ്രബജറ്റില്‍ അനുമതി നല്‍കിയതോടെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനാകും. കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ 11.2 കിലോമീറ്ററിലാണ് മെട്രോയുടെ രണ്ടാംഘട്ട പാത വരുന്നത്.
പാലാരിവട്ടം സിവില്‍ ലൈന്‍ റോഡിലൂടെ ബൈപാസ് ക്രോസ് ചെയ്ത് ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍ വഴി ലിങ്ക് റോഡിലൂടെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെത്തി ഈച്ചമുക്ക്, ചിറ്റേത്തുകര ഐടി റോഡ് വഴി മെട്രോ റെയില്‍ ഇന്‍ഫോ പാര്‍ക്കിലെത്തും. 11 സ്റ്റേഷനുകള്‍ പാതയിലുണ്ട്.
മെട്രോ രണ്ടാം ഘട്ടത്തിനാവശ്യമായ സ്ഥലമേറ്റെടുക്കല്‍ പകുതിയിലേറെ നേരത്തേ പൂര്‍ത്തിയായിരുന്നു. കേന്ദ്രാനുമതി വൈകിയതിനാല്‍ നിര്‍മാണം തുടങ്ങാനായില്ല. ബജറ്റില്‍ തുക വകയിരുത്തിയ സാഹചര്യത്തില്‍ ഇനി തടസമുണ്ടാകില്ലെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റും ഇന്‍ഫോ പാര്‍ക്കും സ്മാര്‍ട്ട് സിറ്റിയുമെല്ലാം കടന്നുപോകുന്ന പാതയിലൂടെ അരലക്ഷത്തോളം യാത്രക്കാരെങ്കിലും പ്രതിദിനം യാത്രചെയ്തേക്കുമെന്നാണു വിലയിരുത്തല്‍. അങ്ങനെവന്നാല്‍ ലാഭകരമാകുന്ന മെട്രോ പാതയായി ഇതു മാറും. കെഎംആര്‍എല്‍ നേരിട്ടായിരിക്കും ഈ പാതയുടെ നിര്‍മാണം, കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് കുന്നുംപുറം ജംഗ്ഷന് വരെ റോഡ് വീതി കൂട്ടുന്നതിന് 59 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ അനുവദിച്ചതാണ്. ഇതിന്റെ പണികള്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലിനു മാത്രം 130 കോടിയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.