തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചതിലും അല്പം കൂടി വൈകിയേക്കും. നേരത്തെ ഫെബ്രുവരി രണ്ടാം വാരത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഫെബ്രുവരി മൂന്നാം വാരത്തോടെ മാത്രമേ പ്രഖ്യാപനമുണ്ടാകുകയുള്ളുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചന.
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കം വിലയിരുത്താൻ എത്തേണ്ട കേന്ദ്രസംഘത്തിന്റെ സന്ദർശനത്തീയതി ഇനിയും ലഭിച്ചിട്ടില്ല. ജനുവരി ഇരുപതോടെ സംസ്ഥാനത്ത് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ജനുവരി അവസാനത്തോടെ എത്തുമെന്ന് അറിയിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ വീണ്ടും നീട്ടുകയായിരുന്നു.
ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ കേന്ദ്രസംഘം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിന് ശേഷം മാത്രമേ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് എത്ര ഘട്ടമായി നടത്തണം, ഏത് തീയതിയിൽ നടത്തണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയുകയുള്ളത്രേ.
ഏപ്രിൽ പകുതിക്ക് ശേഷമാകും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താൻ അനുയോജ്യമെന്നാണ് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ പൂർത്തിയായി വരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം അടക്കമുള്ള പരിപാടികൾ വേഗത്തിൽ നടന്നുവരികയാണ്.