കേളകം: ടൗണിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിങ്കളാഴ്ച പുലർച്ചെ ബിന്ദു ജ്വല്ലറിയിൽ നടത്തിയ മോഷണം വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച സിസിടിവികളിൽ ഉണ്ടെങ്കിലും നൈറ്റ് വിഷൻ കാമറകൾ അല്ലാത്തതിനാൽ മോഷ്ടാക്കളുടെ മുഖം തിരിച്ചറിയാൻ സാധിച്ചില്ല. ഇത്തരം മോഷണങ്ങൾ പിടികൂടാൻ ഹൈപവറുള്ള നൈറ്റ് വിഷൻ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. ഇതിന് മുമ്പ് പല വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നിട്ടുണ്ട്. കേളകം ടൗൺ കേന്ദ്രീകരിച്ച് സിസിടിവി സ്ഥാപിക്കുന്നതിനു വേണ്ടി മുമ്പ് കേളകം പോലീസ്, വ്യാപാരി, പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് കമ്മിറ്റി രൂപീകരിച്ചിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല.