മട്ടന്നൂർ: റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങാനാരംഭിച്ചതോടെ മട്ടന്നൂർ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത്. തലശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി മൂന്നുമാസത്തോളമായി നഗരത്തിലെ റോഡ് പൊളിച്ചിട്ട് പ്രവൃത്തി നടത്തുന്നു. 200 മീറ്റർ മാത്രമാണ് നഗരത്തിൽ ടാറിംഗ് നടത്താൻ ബാക്കിയുള്ളത്. ഇരിട്ടി റോഡിന്റെ പകുതി ഭാഗം കുഴിച്ചിട്ടിരിക്കുകയാണ്. റോഡ് പ്രവൃത്തിക്കിടെ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതും പതിവാണ്. റോഡിലെ വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കാൻ നഗരത്തിലെ വൈദ്യുതി ഓഫ് ചെയ്തു വയ്ക്കുന്ന സംഭവവുമുണ്ട്. ഏതാനും തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി വൈദ്യുതി തൂൺ മാറ്റുന്നതാണ് പ്രവൃത്തി പൂർത്തിയാകൽ വൈകാൻ കാരണമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണിപ്പോൾ.
previous post